Friday, October 6, 2023

                                                      കഷായമാണ് താരം

കീറാമുട്ടി




ഇന്നത്തെപ്പോലെ സ്റ്റീൽ, പ്ലാസ്റ്റിക് സ്പൂണുകളല്ല ചിരട്ടത്തവികളായിരുന്നു അന്നുകാലങ്ങളിൽ ഭക്ഷണം വിളമ്പാൻ ഉപയോഗിച്ചിരുന്നത്. ഒരു ചിരട്ടത്തവിക്ക് രണ്ടുഭാഗങ്ങൾ കടയും, കണയും (തവിക്കട, തവിക്കണ). കുരുത്തക്കേട് കാണിക്കുന്ന ആൺകുട്ടികളെ ഒതുക്കാൻ തവിക്കടയും, വേലിക്കൽ പമ്മിക്കൂടുന്ന പെൺ മക്കളെ ഒതുക്കാൻ തവിക്കണയും. നിങ്ങളുടെ വീട്ടിൽ തവിക്കണ പ്രയോഗം നടന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അയൽവീട്ടിൽ തവിക്കട പ്രയോഗം നടന്നിട്ടുണ്ടാകും, ന്യൂട്ടന്റെ തീയറി എന്നോ, അമ്മമാരുടെ ആധിയെന്നോ വിളിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും, തവിക്കണക്ക് വേറെയും ഉപയോഗങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത്, കഷായം കാണുമ്പഴേ പല്ലുകൾ "കിടുമ്മൻ" അടിപ്പിക്കുന്ന എന്നെപ്പോലുള്ളവരെ കഷായം കുടിപ്പിക്കാൻ തവിക്കണകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. തവിക്കണയുടെ "എയറോഫോയിൽ ഷെയ്പ്പ് ഏതു കിടുമ്മൻ അടിച്ച പല്ലുകളാണെങ്കിലും, വളരെ കൂളായി(കയറ്റുന്നവർക്ക്) വായിൽ കയറ്റി നാക്കിനെയും എപ്പിഗ്ലോട്ടീസ്സിനെയും അമർത്തി കഷായത്തിന്റെ അവസാനതുള്ളിവരെ വയറ്റിലേക്ക് കടത്തിവിടാൻ കാർന്നോന്മാർക്കു കഴിഞ്ഞിരുന്നു.
ആ കാലമൊക്കെ കഴിഞ്ഞിട്ട് അരനൂറ്റാണ്ടിനു മേലെയായി, ഈ അടുത്തിടക്ക്‌ കണ്ടുപിടിച്ച മാർഗ്ഗം അന്നുണ്ടായിരുന്നുവെങ്കിൽ എന്ന് ആലോചിച്ചുപോകുകയാണ്. അയൽക്കാരി മേരിക്കുട്ടി, ലീലാമ്മ, അശ്വതി , അനിത, രജനി, ഗ്രേസ്സി, എന്തിന്, പെങ്ങളുടെ അയൽക്കാരി "ജെൻസി" അങ്ങനെ ആരെക്കൊണ്ടെങ്കിലും ഒരു "ഉമ്മ" തന്നു കഷായം കുടുപ്പിക്കാമായിരുന്നു എന്നു കണ്ടുപിടിക്കാൻ പാറശാലക്കാരി ഗ്രീഷ്മതന്നെ വേണ്ടിവന്നു. എന്തുചെയ്യാം അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ!!




No comments:

Post a Comment