Friday, February 10, 2023

                                    അമ്മയില്ലായ്മ

ഇന്ന്, എനിക്ക് അമ്മയില്ലാതായിട്ട് 49 വർഷം. അമ്മയെ ഓർക്കുമ്പോൾ മറക്കാതിരിക്കുന്ന കാര്യം, ഒരു രാത്രി, ഉറങ്ങാൻ കിടക്കുമ്പോൾ, അമ്മ കട്ടിലിൽ, ഞാൻ നിലത്ത്‌ പായിൽ, അമ്മ ഒരു കഥ പറഞ്ഞുകൊണ്ടിരുന്നു, ഞാൻ മൂളികേൾക്കുന്നു. പതിവിന് വിവരീതമായി, കഥ കേട്ടുകൊണ്ടിരിക്കുന്ന കുട്ടി ഉറങ്ങുന്നതിനുപകരം കഥ പറഞ്ഞുകൊണ്ടിരുന്ന അമ്മയാണ് ഉറങ്ങിയത്. രോഗ, ദാരിദ്ര്യ പീഡകൾ കൊണ്ടാകാം. ഒപ്പമാണ് കിടന്നിരുന്നതെങ്കിൽ കുലുക്കിവിളിച്ച്  കഥ മുഴുവിപ്പിക്കാമായിരുന്നു. " എന്നിട്ട്...അമ്മേ, അമ്മേ  എന്നിട്ട്" എന്നു മൂന്നുനാലുപ്രാവശ്യം ചോദിച്ചതും ഞാൻ ഓർക്കുന്നു. ആ കഥ മുഴുവിപ്പിക്കുവാൻ പിന്നീട്  അവസരം  ഉണ്ടായിട്ടില്ല.
   കാലം ഒത്തിരി കടന്നുപോയി, ഞാൻ കവിതയെഴുത്തും, കഥയെഴുത്തും, ഒരു കഥയില്ലാത്തതാണെങ്കിലും, തുടങ്ങി. ഒരു മാതൃദിനത്തിന് തലേന്നാൾ രാത്രി അമ്മയെക്കുറിച്ച്  ഒരു കവിതയെഴുതുവാൻ തുനിഞ്ഞെങ്കിലും, രണ്ട് ശ്ലോകത്തിൽ കൂടുതൽ എഴുതാൻ സാധിച്ചില്ല, അമ്മ പറഞ്ഞുതീർക്കാത്ത  കഥപോലെ. 
   "ബേബി റീച്ചിങ്ങു് ഫോർ ആൻ ആപ്പിൾ" (by Mary Cassatt/ Virginia 
Museum of Fine Arts)   എന്ന പെയിന്റിങ്ങിന്‍റെ ചിത്രം പത്രത്തിൽ കണ്ടപ്പോൾ, അമ്മയുടെ കൈത്തണ്ടയിലിരുന്ന് അറിവാകുന്ന ആപ്പിളിനുവേണ്ടി കൈനീട്ടുന്ന എന്നെത്തന്നേയും, അറിവ് എന്നിലേക്ക്‌ അടുപ്പിച്ചുതരുന്ന അമ്മയേയും (പ്രകൃതി)  ഈ  ചിത്രത്തിൽ കണ്ടു.  അന്ന് മുതൽ ഈ ചിത്രം എന്‍റെകൂടെ എവിടെയും ഉണ്ട്.