Monday, May 9, 2016

                                          




                                        കണ്ടേ!  പിടിച്ചേ!!
                                                 കീറാമുട്ടി 



   വളരെ ചെറുപ്പത്തിലെ കിട്ടിയ ഒരു ശീലമാണ് മദ്യപാനം. എന്നുവെച്ച് ഞാൻ ഒരു മഹാ മദ്യപൻ ഒന്നുമല്ല കേട്ടൊ. ഒരു നല്ല ശീലമല്ലാത്തതുകൊണ്ട്  ഉപേ ക്ഷിച്ചുമില്ല. ഈ ശീലത്തിന്‍റെപേരിൽ, ഞാനും  എന്‍റെ മുതുക്കിയും തമ്മിൽ വഴക്കുണ്ടാക്കാറുണ്ട്; ഞാൻ ചെവി നിറച്ച്‌, വയറ് നിറച്ച്, മനസ്സുനിറച്ച് കേൾക്കാറുമുണ്ട്. നാവുകൊണ്ടുള്ള യുദ്ധം പോരാതായപ്പോൾ, മദ്യം കുപ്പിയോടെ മറിച്ചുകളയുന്ന കൈക്രിയ്യയിലേക്ക് കടന്നു. ഞാനാരാ മോൻ, കുപ്പി ഒളിപ്പിച്ചുവെച്ച് സേവ തുടർന്നു. മുതുക്കി ആരാ മോൾ, കുപ്പികണ്ടുപിടിച്ച് മറിച്ചുകളയും. പിന്നെയും ഞാനാരാ...., കളറുള്ള കുപ്പിയിൽ കട്ടൻചായ ഒഴിച്ച് ഒളിപ്പിച്ചുവെക്കും, മുതുക്കിയാരാ...., കണ്ടുപിടിച്ച് മറിച്ചുകളയും. ഈ "കണ്ടേ പിടിച്ചേ" കളി, എന്‍റെ പഴയ കംപ്യുട്ടറിനകത്തുന്ന് കുപ്പി, സോഡ, ഗ്ളാസ്സ്, ടച്ചിംഗ് ഉൾപ്പടെ പിടിച്ചതടക്കം, അനുസ്യൂതം തുടർന്നു കൊണ്ടേ- യിരുന്നു, ഇന്നലെവരെ. ഞാനോർത്തുപോകുകയാണ്, ഈ ഒളിപ്പിച്ചുവെക്കലും, കണ്ടുപിടുത്തവും സർവ്വകലാശാലയിൽ വിഷയങ്ങളായിരുന്നുവെങ്കിൽ ഞങ്ങൾ, ഡോ.കീറാമുട്ടിയും ഡോ.മുതുക്കിയും, ഹോ! ഒരിത്തിരികൂടി സാമ്പത്തികമായി ഭേദപ്പെട്ട ജീവിതം നയിക്കാമായിരുന്നു.

   ഇന്ന് ഉറങ്ങിയെണീക്കുവാൻ വളരെ വൈകിയെങ്കിലും, എഴുന്നേറ്റപാടെ ഫെയിസ് ബുക്ക് തുറക്കുവാൻ ഒട്ടും വൈകിച്ചില്ല. ഫെയിസ്ബുക്കിൽ "മുരളി തുമ്മരുകുടി" യുടെ "കെട്ടുറപ്പില്ലാത്ത വീടോ, കേരളത്തിലോ?" എന്ന പോസ്റ്റ് വായിച്ചിട്ട്, രണ്ടാമതൊന്നലോചിക്കാതെ, മുരളിചേട്ടൻ പറഞ്ഞ വെങ്ങോലയിലുള്ള ശ്രീജേഷിനെ ഒറ്റവിളിയാണ്. ശ്രീജേഷ് പണം അയച്ചുകൊടുക്കേണ്ട അക്കൌണ്ട് നമ്പരും മറ്റുകാര്യങ്ങളും പറഞ്ഞുതന്നു. പിന്നെ, ഒരിക്കൽ കൂടി, ഒന്നുമാലോചി- ക്കാതെ $100 അയക്കുവാനുള്ള തീരുമാനമെടുത്തു. മദ്യമെന്ന സുഹൃത്തുമായുള്ള സഹവാസം നിമിത്തം അശ്രദ്ധക്ക് അശേഷം കുറവില്ലാത്തതിനാൽ അയച്ചുവന്നപ്പോൾ $200 ആയിപ്പോയി. 

   എങ്ങനെയെന്നറിയില്ല, എന്‍റെ ജീവിത സാഹചര്യംകൊണ്ടോ, പ്രകൃതിദത്തമായി കിട്ടിയതോ, ഞാൻ അതിഭയങ്കര മടിയനാണ്, ഞാൻ മല ചുമന്നിട്ടുണ്ട്, ചുമക്കാ- റുണ്ട്. കാര്യങ്ങൾ ഇങ്ങനെപോയാൽ ഗതികിട്ടില്ലായെന്നുത്തമബോധ്യമുള്ളത്  കൊണ്ട്, ഞാനും, എനിക്കൊപ്പം, കട്ടക്ക് കട്ട നിൽക്കുന്ന  എന്‍റെ കൂട്ടുകാരൻ ചന്ദ്രശേഖരനും, 1986-ല്‍, മദ്രാസിലെ താംബരം എന്ന സ്ഥലത്ത്‌ വെച്ച്  കൂട്ടായിയവിഷ്കരിച്ച  രീതിയാണ്‌ കാര്യങ്ങൾ നടത്തിയിട്ട് തീരുമാനമെടുക്കുക എന്നത്. അന്ന് ഞങ്ങൾ വെറും പയ്യൻസ്‌, എനിക്ക് ഇരുപത്തിയൊന്നും, ചന്ദ്രന് പതിനേഴും വയസ്സ്. ഞങ്ങൾ 1991- ല്‍ പിരിഞ്ഞു, പിന്നീടിന്നുവരെ ഞാൻ ചന്ദ്രശേഖരനെ കണ്ടിട്ടില്ല. അവൻ ഈ രീതിയുമായി മുന്നോട്ടുപോകുന്നുണ്ടാകാം, പക്ഷേ , ഞാൻ ഈ രീതിയിൽ വളരെ വിജയിച്ച ഒരാളാണ്. എന്തിന്, സ്വന്തം കല്യാണം പോലും ഈ തീയറിപ്രകാരമാണ് നടന്നത്.
പിന്നീടിങ്ങോട്ട്‌, മുതുക്കിയുമായുള്ള മൽപ്പിടുത്തവും, മുകളിൽ വിവരിച്ച 'ഒളിച്ചേ കണ്ടേ" കളിയോക്കെയായി ഇവിടെവരെയെത്തി. 

   പറഞ്ഞതെന്നതാണെന്നുവെച്ചാൽ,ആദ്യം കെട്ടുറപ്പുള്ള ഒരു വീടില്ലാത്ത, ഞാനറിയാത്ത ഒരാളുടെ ഭവന നിർമ്മാണത്തിന് ഇരുന്നൂറു ഡോളർ അയച്ചു, എന്നിട്ട്, ഒരു തീരുമാനമെടുത്തു. "വെങ്ങോലക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി" പണിതുകൊടുക്കുന്ന ആ വീടിന്‍റെ പാലുകാച്ചൽ നടന്നുവെന്നറിയുന്നതുവരെ ഞാൻ മദ്യം വിലകൊടുത്തുവാങ്ങി കുടിക്കില്ല എന്ന ഭീഷ്മ ശപഥം. മുതുക്കിയുടെ പശ്ചാത്തല സ്വഭാവം വെച്ച് " ഇനി നിങ്ങൾ മദ്യം വാങ്ങി കുടിച്ചോ ഞാൻ മറിച്ചു കളയില്ല" എന്നു പറഞ്ഞാൽ പോലും. ഭഗീരഥ പ്രയത്നമാണ്, അനുഗ്രഹിക്കണം. 

കീറാമുട്ടി 
ഈറ്റില്ലം 
5-9-2016